വെള്ളിയാഴ്‌ച, സെപ്റ്റംബർ 04, 2009

ആരാധനയും ആദരവും

ആരാധനയും ആദരവും
============
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ആരാധന. പൊതു സമൂഹത്തിലെ എല്ലാ ഭാഷകളിലും സമാനമായ തെറ്റിദ്ധാരണാജനകമായ രീതിയില്‍ ഈ പദം ഉപയോഗിച്ചുവരുന്നു. വിശ്വാസ പ്രമാണങ്ങളുടെ നിലനില്പ്പിന്നാവശ്യമായ പ്രായോഗിക രൂപങ്ങളില്‍ പ്രധാനമായ ആചാരങ്ങളില്‍ ഒന്നായിട്ടാണ് അനാദികാലം മുതല്‍ക്കേ ആരാധന അറിയപ്പെടുന്നതും അതിന്‍റെ ക്രിയാരൂപമായ ആരാധന നടത്തുന്നതും നടത്തപ്പെടുന്നതും. അതായത്‌, വിശ്വാസം എന്ന പരികല്‍പ്പനയുമായി അതിന്നുള്ള അഭേദ്യബന്ധത്തെ അത് വ്യക്തമാക്കുന്നു....

സാധാരണനിലയില്‍, നമുക്കെല്ലാം അറിയുന്നതുപോലെ വിശ്വാസം, വിശ്വാസി എന്നൊക്കെ പറഞ്ഞാല്‍ അതിനു ദൈവവിശ്വാസം, ദൈവവിശ്വാസി എന്നാണു വിവക്ഷയെന്നു അതിന്‍റെ വക്താക്കള്‍ നമ്മെയെല്ലാം ബോധവല്‍ക്കരിച്ചിരിക്കുന്നതിനാല്‍ അതിന്നപ്പുറം ശ്രദ്ധിക്കാനോ ചിന്തിക്കാനോ പാടില്ലാത്തതാണെന്നും അങ്ങനെ ചെയ്യുന്നത് സുകൃതവിഘാതമാകുമെന്നും നമ്മെ തെര്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതാവട്ടെ അക്ഷരം പ്രതി അനുസരിച്ചുവന്നിട്ടുള്ള സമൂഹനിര്‍മ്മിതിയാണ്‌ നമുക്കുള്ളത്. പൊതുസമൂഹത്തിലെ വിവിധ സമൂഹങ്ങളിലും ഒരുപോലെ ബാധകമായിട്ടുള്ള പ്രസ്തുത അവസ്ഥയില്‍ ആരാധന എന്ന പദത്തിന് ദൈവികമായ ഒരു മാനം ആണുള്ളത്. ആരാധന, വിശ്വാസം ഊട്ടിവളര്‍ത്തി ഉറപ്പിക്കാനുള്ള പ്രയത്നത്തിന്‍റെ രൂപകമായി എല്ലാ വിശ്വാസധാരകളും നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ ആരാധന, ദൈവീകമായ, ആത്മീയമായ വിശ്വാസത്തെ പ്രതീകവല്‍ക്കരിക്കുന്ന നാമരൂപവും ക്രിയാപദവും ആകുന്നുവെന്നതില്‍ രണ്ടുപക്ഷമില്ല...!!

ആധുനികതയുടെ താളബോധത്തില്‍ എന്തിനേയും കാഴ്ചവസ്തുവാക്കുന്ന നവസാംസ്കാരിക ലോകത്തിനു സംഭവിക്കാവുന്ന പ്രമാദാവസ്ഥയേക്കാള്‍ ഖേദകരമായ പരിണാമത്തിലാണ് പണ്ഡിതരായ വരേണ്യവര്‍ഗ്ഗം എന്നതിനാല്‍ വസ്തുവിനും വസ്തുതകള്‍ക്കും മൂല്യശോഷണശേഷി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു. അപ്രകാരമൊരു ദുരന്തത്തിലാണ് ആരാധന എത്തിപ്പെട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍, മതങ്ങള്‍, ആചാരങ്ങള്‍, പ്രമാണങ്ങള്‍ എല്ലാം തന്നെ എന്താണ് ആരാധന, എന്തിനാണ് ആരാധന, ആരെയാണ് ആരാധിക്കേണ്ടത്, എന്തുകൊണ്ട് ആരാധിക്കണം, എങ്ങിനെ ആരാധിക്കണം, അതിന്‍റെ പ്രയോജനമെന്ത്‌, എന്നെല്ലാം വളരെ വിശദമായിത്തന്നെ അതാതു വര്‍ഗ്ഗത്തെ, സമൂഹത്തെ, തെര്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്‍റെ പരിണിതഫലം എന്താവുമെന്നുകൂടി പറഞ്ഞുവെക്കാന്‍ അവ മറന്നിട്ടില്ല..!

എന്നാല്‍ ഇന്നത്തെ കാഴ്ചയോ? ആരാധനയെ അതിന്‍റെ മഹത്വത്തില്‍നിന്നും വലിച്ചു താഴെയിട്ടു നാം നിസ്സാരവല്‍ക്കരിച്ചിരിക്കുന്നു. എങ്ങിനെ? ആരാധന ദൈവത്തിനു മാത്രം എന്ന് ബോധവല്‍ക്കരിക്കുന്ന ഒരു സമൂഹം... ആരാധന ദൈവത്തിനും ദൈവപുത്രനും മാത്രമെന്ന് ബോധവല്‍ക്കരിക്കുന്ന ഒരാഗോളസമൂഹം.... ആരാധന ദൈവങ്ങള്‍ക്കും ദേവീദേവന്മാര്‍ക്കും മാത്രം വേണ്ടിയുള്ളതാണെന്ന് ഉദ്ബോധിപ്പിക്കുന്ന വിവിധ സമൂഹങ്ങള്‍.... ഇവയുമായി ബന്ധപ്പെടുത്തി ഇന്നിന്‍റെ ശീലങ്ങളെ കാണുമ്പോള്‍ കൈവന്ന പ്രമാദങ്ങളെയെല്ലാം അപ്രമാദങ്ങളായി ആഘോഷിക്കുന്ന ആധുനിക സമൂഹത്തെയാണ് കാണാന്‍ കഴിയുന്നത്‌. അതിന്നുള്ള പിന്‍ബലമായി ആധുനികതയുടെ ആഡംബരവും മാദ്ധ്യമ കലാ സാംസ്കാരിക രംഗങ്ങളിലെ അപചയഘോഷയാത്രയും അകമ്പടിയാകുന്നു. ഇവിടെ തോല്പ്പിക്കപ്പെട്ടത്‌ ആദരവ്‌ എന്ന കര്‍മ്മവും അവസ്ഥയും ക്രിയാവിശേഷവും ആണ്.... അതാവട്ടെ ബോധപൂര്‍വമായ ഒരിടപെടലായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്‌..!

നമ്മള്‍ ക്ഷേത്രങ്ങളില്‍, പള്ളികളില്‍, ചര്‍ച്ചുകളില്‍ പോയി ആരാധന നടത്തുന്നു. ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരുപോലെ ദൈവത്തോട് പ്രാര്‍ത്ഥന നടത്തുന്നതിനെ ആരാധന എന്ന് പറയുന്നു. പരമ്പരാഗതമായി നമുക്ക് ലഭിച്ച അറിവുകളെ പിന്‍പറ്റി നാം പലതിനെയും ബഹുമാനിക്കുകയും പലതിനോടും ആദരവ്‌ പ്രകടിപ്പിക്കുകയും ചെയ്തുവരുന്നു. പലഘട്ടങ്ങളിലും അനര്‍ഹമായതിനെ മഹത്വവല്‍ക്കരിക്കുന്നതും സാര്‍വ്വത്രികമായിട്ടുണ്ട്. മഹത്വം, ബഹുമാനം, ആദരവ്‌ എന്നിവയും അപക്വമായ മാനദണ്ഡങ്ങളാല്‍ അനുചിതമായി അടിച്ചേല്‍പ്പിക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്നിന്‍റെ തലമുറ. മാതാപിതാക്കള്‍, ഗുരുഭൂതന്മാര്‍, പണ്ഡിതന്മാര്‍, ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം ആദരവും ബഹുമാനവും അര്‍ഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ ആരുംതന്നെ ആരാധിക്കപ്പെടെണ്ടവരല്ല. ആരാധന ഭൌതികമായ പരിധിക്ക് പുറത്താണ് നിലകൊള്ളുന്നത്. ആരാധന ആത്മീയവും ദൈവീകവുമായ അര്‍ത്ഥനയുടെ സാമ്പ്രദായികമായ ആചാരവിധിയാണ്. സ്നേഹം, ബഹുമാനം, ആദരവ്‌ തുടങ്ങിയവ മനുഷ്യന്‍റെ സന്മാര്‍ഗ്ഗചരിത്രത്തിന്‍റെ ഭൌതികതയില്‍ ആജീവനാന്തം നിലനില്‍ക്കുന്നു. തന്നിമിത്തം സഹജീവിയെ നമുക്ക് സഹജീവിയായിതന്നെ കാണാന്‍ കഴിയണം. അതായത് എന്‍റെ മാതാപിതാക്കളെ അല്ലെങ്കില്‍ ഗുരുഭൂതന്മാരെ ഞാന്‍ ആദരിക്കുന്നു അല്ലെങ്കില്‍ ബഹുമാനിക്കുന്നു എന്നതാണ് ഭൌതികമായി ശരിയായ കാര്യം...!!

ആദരിക്കേണ്ടവരെ ആരാധിച്ചാല്‍ അത് അനാദരവായും ആരാധിക്കേണ്ടതിനെ ആദരിച്ചാല്‍ അത് അപരാധമായും തീരുന്നുവെന്ന വിചിത്രമായ കല്‍പ്പനയും അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട് ആദരിക്കേണ്ടതിനെയും ആരാധിക്കേണ്ടതിനെയും തിരച്ചറിഞ്ഞു ആദരവും ആരാധനയും പ്രകടിപ്പിക്കുക....!!!
========
ടി. കെ. ഉണ്ണി.
൦൪-൦൯-൨൦൦൯

അഭിപ്രായങ്ങളൊന്നുമില്ല: