ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2009

അല്‍പ്പം

അല്‍പ്പം
======
നമുക്ക് സുപരിചിതമായ വാക്കാണ്‌ അല്‍പ്പം എന്നത്. ദിവസത്തില്‍ പലതവണ നമ്മള്‍ അത്പ്രയോഗിച്ചുകൊണ്ട് സംസാരിക്കുന്നു. സമയ ദൈര്‍ഘ്യത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും നമുക്കറിയാം. എന്നാല്‍ ഒരു ദിവസത്തെ സംബന്ധിച്ചിടത്തോളം അല്പ്പമെന്നത് എത്ര വലുതാണെന്ന കാര്യത്തില്‍ പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നതായും കാലക്രമേണ അവരില്‍ ഒരു ഐകരൂപം സ്വീകാര്യമായതായി കരുതിവരുകയും ചെയ്തിരുന്നു. അതിന്നവര്‍ അടിസ്ഥാനമായി സ്വീകരിച്ചത്‌ വേദ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതും പ്രസ്തുത കാലഘട്ടത്തില്‍ അനുവര്‍ത്തിച്ചു വന്നതുമായ സമയ നിര്‍ണയ പ്രക്രിയകളെ സംബന്ധിച്ച് വേദ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട സൂത്രവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ആധുനിക സമയ നിര്‍ണയ പ്രക്രിയയില്‍ സമയത്തിന്‍റെ ഏകകത്തെ നിര്‍ധാരണപ്രക്രിയയിലൂടെ അതിസൂക്ഷ്മ ഘടകമാക്കി മാറ്റി എന്നതില്‍ നമ്മുടെ ശാസ്ത്രലോകം അഭിമാന വിജ്രുംഭിതരായി നില്‍ക്കുന്നു. എന്നാല്‍ നമ്മുടെ പൌരാണികരോ..? സമയ നിര്‍ണയത്തിലെ ഏറ്റവും പൌരാണികവും ആധികാരികവുമായ സിദ്ധാന്തം ജന്മമെടുത്തത് ഇന്ത്യാ വന്‍‌കരയില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നു.

നമ്മുടെ ഒരുദിവസം, അതിന്‍റെ നിര്‍ണ്ണയം എങ്ങനെയെന്നു നോക്കാം.

൧) ഒരു ദിവസത്തെ അറുപത്‌ ഭാഗമാക്കി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) മിനിറ്റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു ഘടിക (നാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത് ഘടിക = ഒരു ദിവസം.

൨) ഒരു ഘടികയെ (നാഴികയെ) അറുപത്‌ ഭാഗമായി വിഭജിച്ചിരിക്കുന്നു അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു വിഘടിക (വിനാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത്‌ വിനാഴിക = ഒരു നാഴിക.

൩) ഒരു വിനാഴികയെ ആറു ഭാഗമായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും നാല് സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു നെടുവീര്‍പ്പ് (ശ്വാസ ഉഛ്വാസ പരിക്രമണസമയം) എന്ന് പറയുന്നു.
അതായത്‌ - ആറു നെടുവീര്‍പ്പ് = ഒരു വിനാഴിക.

൪) ഒരു നെടുവീര്‍പ്പിനെ പത്തു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തില്‍ നാലുഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഗണിതം എന്ന് പറയുന്നു.
അതായത്‌ - പത്തു ഗണിതം = ഒരു നെടുവീര്‍പ്പ്.

൫) ഒരു ഗണിതത്തെ നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തിലൊരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ നിമിഷം എന്ന് പറയുന്നു.
അതായത്‌ - നാല് നിമിഷം = ഒരു ഗണിതം.

൬) ഒരു നിമിഷത്തെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ആയിരത്തില്‍ മൂന്നു ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ മാത്ര എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ മാത്ര = ഒരു നിമിഷം.

൭) ഒരു മാത്രയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പതിനായിരത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ കല എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ കല = ഒരു മാത്ര.

൮) ഒരു കലയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ലക്ഷത്തില്‍ മൂന്നേമുക്കാല്‍ ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ തുടി എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ തുടി = ഒരു കല.

൯) ഒരു തുടിയെ വീണ്ടും മുപ്പതു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ അല്‍പ്പം എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ അല്‍പ്പം = ഒരു തുടി.

൧൦) അല്‍പ്പം = ഏകദേശം ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രം. അതായത്‌ ആധുനിക ശാസ്ത്ര ലോകത്തിന്‍റെ നാനോ സെക്കന്റുകള്‍ക്ക് സമാനം.

അല്‍പ്പം എന്നത് സമയത്തിന്‍റെ അതിസൂക്ഷ്മ ഘടകമാണെന്ന് അറിയാതെയുള്ള നമ്മുടെയെല്ലാം സമയദുര്‍വ്യയം തിരുത്തപ്പെടെണ്ടാതാണ്..!

**********
വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ള അല്പ്പകാല സമയ നിര്‍ണയ സൂത്രവാക്യങ്ങളുടെ പരിഭാഷക്കും വിശകലനത്തിനും ശ്രീ. ഗുരു നിത്യ ചൈതന്യയതിയോട് കടപ്പാട്.
*********
ടി. കെ. ഉണ്ണി.
൧൯-൦൮-൨൦൦൯

3 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

great info.. thank you!

ramanika പറഞ്ഞു...

oru padu kaaryangal samayathe kurichu paranjathinu nandhi!

അജ്ഞാതന്‍ പറഞ്ഞു...

Dear unnichetta,
Thank U for your mail. Really this mail is very interesting. Most of the people are not caring about the time they spend waste. By reading this article we understand that even a single second also not a small time. and How our ancestors take much care about the calculation of the time based on the position of the Star.

Thank You very much
BINDU