വ്യാഴാഴ്‌ച, മേയ് 21, 2009

പുകഞ്ഞ കൊള്ളി

പുകഞ്ഞ കൊള്ളി
==========
ആഹാരം...........
അടുപ്പ്‌, തീ, വിറക്................
അങ്ങനെ പലതിന്റെയും കലവറ ആണല്ലോ അടുക്കള........
അസൂയ, കുശുമ്പ്‌, കന്നായ്മ, കയര്‍പ്പ്‌,
കൈപ്പ്‌, എരിവു, പുളിപ്പ്‌, ഉപ്പ്‌.......
അല്‍പ്പമൊക്കെ ചക്കരയും തേങ്ങയും....
പിന്നെ നൊട്ടി നുണഞ്ഞുള്ള ചമ്മന്തിയും .........
അവിയലും , പിന്നെ അവിഞ്ഞുള്ള അവിയലും ..........
ഒപ്പം ആവിയാവലും ................
ഇങ്ങനെ പലതുമാകുമ്പോഴേ സാക്ഷാല്‍
കലവറ (അടുക്കള) ആകുന്നുള്ളൂ..........
ഇവിടമാണ് പാചക പരിപാടിക്ക് അനുയോജ്യം
എന്നാണു നമ്മുടെയൊക്കെ വെപ്പ്‌ .................
ഇത്തരം കലവറകളില്‍ നിന്നും അതിരുചികരങ്ങളായ
വിഭവങ്ങള്‍ മാത്രമെ വിളമ്പുക പതിവുള്ളു എന്നാണു
നടത്തിപ്പുകാരുടെ അവകാശവാദം .............
നമ്മളെല്ലാവരും അതനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍
ആണല്ലോ ..................

കുറച്ചു കാലങ്ങളായി പുതിയ ചില കലവറക്കാര്‍
( അടുക്കളക്കാര്‍ ) ഭൂമുഖത്ത് ഇറങ്ങിയിട്ടുണ്ട്.......
അവര്‍ നമ്മള്‍ക്ക്‌ അജ്ഞാതമായ പല പുതിയ
വിഭവങ്ങളുമുണ്ടാക്കി വിളമ്പി തരുമത്രേ...........
അതിന്‍റെ കുത്തക അവകാശം അവര്‍ക്ക്‌ ജന്മമായി
പതിച്ചു കിട്ടിയിട്ടുണ്ടത്രേ......
അവര്‍ നാലാമത്തെ എസ്റ്റേറ്റ്‌ എന്നാണത്രേ അറിയപ്പെടുന്നത്....
എവിടെയാണ് ഈ എസ്റ്റേറ്റ്‌ എന്ന് നമുക്ക്‌ കണ്ടെത്തുക
അല്‍പ്പം പ്രയാസം തന്നെയാണേ..............

അതാ വരുന്നു ഒരു സംഘം അമ്മച്ചിമാര്‍  ..............
തലയില്‍ ചുമടായി വലിയ കൊട്ടകള്‍ ,  വള്ളികൊട്ടകള്‍ ....
അവയില്‍ നിന്നും ആവി പറക്കുന്നുണ്ടോ...............
അതോ പുകയാണോ, പുകയുകയാണോ.........
ബ്രെക്ഫാസ്ടുണ്ട്, ലഞ്ച്, ഡിന്നര്‍ മാത്രമല്ല
നാളത്തെമെനുവിന്‍റെ സാമ്പിളുമുണ്ട് സാറേ ...
സാറേ , സാറേ , സാമ്പാറെ........................
നമ്മെ തടഞ്ഞു നിര്‍ത്തി അവരുടെ ചുമടു ഇറക്കി
അവര്‍ മലര്‍ക്കെ ചിരിക്കുന്നു.........
ഇന്നു കടം , നാളെ റൊക്കം..............
അങ്ങനെ എന്നും നിങ്ങള്‍ക്ക് കടം കിട്ടും ...............
കൊട്ടയിലെ വിഭവങ്ങളിലേക്ക് ഒറ്റ നോട്ടം മതി....
വായില്‍ കപ്പലോടും.......
ചിലപ്പോള്‍ വഴിയിലും കപ്പലോടും.......
എരിവും പുളിയും കടുകട്ടി മസാലയും........
ഹ... എന്തൊരു രസം.........
മോഹന്‍ലാല്‍ അച്ചാറ് പോലെ......
പഞ്ചാമൃതം പോലെ.......
അങ്ങനെ നമ്മളില്‍ പലരും അവരോട്
സ്ഥിരം കടക്കരായി തീരുന്നു....

ഈ വിഭവങ്ങളുടെ നിര്‍മ്മിതി എങ്ങനെ
ആയിരിക്കുമെന്നതില്‍ സാധാരണ
അടുക്കളക്കാര്‍ക്ക് കുശുകുശുമ്പ്.........
അവര്‍ക്ക് മാത്രമല്ല നമുക്കും കുശുമ്പ്‌......
ഈ നാലാമത്തെ എസ്റ്റേറ്റ്‌, അതിലേക്കൊന്നു
എത്തിനോക്കിയാലോ.......
ഇത് അത്രയെളുപ്പത്തില്‍ സാധ്യമാകണമെന്നില്ല.....
അവിടം മുഴുവന്‍ കൃഷി ചെയ്യാനായി ക്വട്ടേഷന്‍
സംഘങ്ങള്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കയാണ്.........
അവരവിടെ വേട്ടൈയാടി വിളയാടുകയാണത്രെ...
പാട്ട ഭൂമിയിലേക്കുള്ള അന്യരുടെ പ്രവേശനം ....
ഹൌ.... അചിന്ത്യം.........
എന്തായാലും നമുക്കൊന്ന് എത്തിനോക്കാം.....
(കാക്കതൊള്ളായിരം നോട്ടങ്ങളുണ്ട് ഇക്കാണുന്ന
ഈരേഴു പതിനാലു ലോകങ്ങളില്‍ , അതില്‍ വലിയ
കുഴപ്പമില്ലാത്ത നോട്ടമാണ് എത്തിനോട്ടം...!)
എത്തിനോക്കിയപ്പോള്‍ ചിലതെല്ലാം മനസ്സിലായി.....

നമ്മുടെ അടുക്കളയിലെ പാചക രീതിയല്ല ഈ
നാലാം എസ്റ്റേറ്റ്‌ നടത്തിപ്പുകാര്‍ക്ക്‌.....
നമ്മുടെ ആഹാരം കലത്തിന്റെ അകത്ത്‌. ...
അടുപ്പിന്‍റെ മീതെ കലം... ...
പുറത്ത്‌ കരി, കലംകരി, ചുറ്റും പുക......
അടുപ്പില്‍ വിറക് .....
പുകഞ്ഞു മുനിഞ്ഞു
കത്തുന്ന തീ......
തീ.......പുക......ഊത്ത്‌......
ഫൂ...... ഫൂ.....ഊത്ത്‌.....
കുഴല്‍ വെച്ചു കുഴലൂത്ത് .......
ഊതിക്കത്തിക്കാന്‍ നെഞ്ചിലെ എഞ്ചിനും.....

എന്നിട്ടും കത്താതെ, സിഗരട്ട് പോലെ
പുകഞ്ഞുകൊണ്ടിരിക്കുന്നവയെ പെറുക്കിയെടുത്ത്‌
പുറത്തേക്ക്‌ ..... മുറ്റത്തേക്ക്‌.... പറമ്പിലേക്ക്‌...
എറിഞ്ഞുകളയുന്നു...........
പുകഞ്ഞ കൊള്ളി പുറത്ത്‌ ....!!
(കൊള്ളിക്ക് ..... വിറകിന്നു.... കത്താനുള്ള യോഗ്യത
ഇല്ലാത്തതുകൊണ്ടാണ് അതിപ്പോള്‍ പറമ്പില്‍
അനാഥമായി കിടക്കുന്നത്.......)
പുകയാത്ത കൊള്ളി -- കത്തുന്ന വിറക്‌ - തന്‍റെ
ഊഴവും കാത്തുകൊണ്ട് അടുപ്പിന്നരികെ തയ്യാറാക്കിയ
അട്ടത്ത് - വിട്ടത്ത് പരിലസിക്കുന്നു........

പുകഞ്ഞ കൊള്ളികള്‍ നല്ല നടപ്പ്‌
ജാമ്യത്തില്‍ പ്രവേശിച്ച്
മര്‍മ്മാണി , കര്‍മ്മാണി , തക്കിട
തരികിടാതി ചികില്‍സകള്‍ക്ക് വിധേയരായി
വീണ്ടും ജ്വലിക്കാനായി പയറ്റി തെളിഞ്ഞു
വരുന്നുണ്ടത്രേ......
... ... ... ... ... ...
പറമ്പില്‍ നിന്നും എന്തോ ബഹളം കേള്‍ക്കുന്നുണ്ടല്ലോ ..
അയ്യോ , എല്ലാം പോയല്ലോ ....
മോഷണം ... കൊള്ള.... കവര്‍ച്ച...
ഉണങ്ങാന്‍ ഇട്ടിരുന്ന പുകഞ്ഞ കൊള്ളികളെ
കാണാനില്ല..... അടുക്കളക്കാരിയുടെ
രോദനം ..... വിലാപം....
അയല്‍പക്കങ്ങളില്‍ എല്ലാം ഇപ്രകാരം
തന്നെയെന്നും വാര്‍ത്ത .... 
ഇതെങ്ങനെ സംഭവിച്ചു....
കൊട്ട, വള്ളിക്കൊട്ട, കൊട്ടേഷന്‍
സംഘങ്ങളുടെ സേവനത്തിന്റെ ചുമടും
തലച്ചുമടും പരസ്യമെന്ന രഹസ്യം
പോലെ പലര്‍ക്കും ആശങ്കയാവുന്നു...
നാട്ടിലെയും കാട്ടിലേയും മുഴുവന്‍
പുകഞ്ഞ കൊള്ളികളെയും
തൂത്ത് വാരിയെടുത്ത്‌
അടുക്കളയില്‍ ഭദ്രമായി സൂക്ഷിച്ചു
വെച്ചിരിക്കുന്നു വത്രേ.....

ഇങ്ങനെ നാലാം എസ്റ്റേറ്റ്‌ പാചക
വിദഗ്ദ്ധര്‍ പുകഞ്ഞ കൊള്ളികളെ
ചെറിയ കെട്ടുകള്‍ ആക്കി അവക്കിടയിലെക്ക്
വെടിമരുന്നു നിറച്ചു അടുപ്പില്‍ വെച്ചു
തീ കത്തിക്കുന്നു.......
ചെറിയ, വലിയ സ്ഫോടനത്തോടെ അവ
തെളിഞ്ഞു കത്തിയമര്‍ന്നു മണ്ണിന്നു പോലും
വേണ്ടാത്ത ചാരമായി തീരുന്നു.....
അങ്ങനെ അവര്‍ നിര്‍മ്മാണ ചെലവില്ലാത്ത
മൂല്യ രഹിതങ്ങളായ ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കി നമ്മെ സ്ഥിരം കടബാധിതര്‍
ആക്കി മാറ്റുന്നു.....

അമ്മ കലവറകളെന്നും അച്ചന്‍ കലവറകളെന്നും
മക്കള്‍ കലവറകളെന്നും അവകാശപ്പെടുന്ന
പല നാലാം എസ്റ്റേറ്റ്‌കാരും അവരുടെ
അടുപ്പുകളില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത്
മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ പുകഞ്ഞ കൊള്ളികള്‍
ആണെന്നത് അത്ഭുതകരവും ഒപ്പം നിര്‍ഭാഗ്യകരവും
ആണെന്ന കാര്യം സുവിദിതവും
നിസ്തര്‍ക്കവുമാണ്...........!

പുകഞ്ഞ കൊള്ളി പുറത്ത്‌
എന്ന പല്ലവി തിരുത്തേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.....!

വിഡ്ഢിപ്പെട്ടി സൂക്തങ്ങള്‍ നമ്മെ
(സുകൃത/വികൃത)വല്‍ക്കരിക്കുന്നതിന്റെ
സ്വാരസ്യം ഓര്‍ത്തുകൊണ്ടു.......
=========
ടി. കെ. ഉണ്ണി
൨൫-൦൫-൨൦൦൯

അഭിപ്രായങ്ങളൊന്നുമില്ല: