വിസിൽ
========
ഞായറാഴ്ചകളിലെ പതിവ് സവാരിയായ അമ്പലപ്പടി
യാത്രക്ക് ഞാൻ പുറത്തേക്കിറങ്ങി.
ശനി,
ഞായർ
അവധി ദിവസങ്ങളിലെ സ്വതന്ത്രസഞ്ചാരം അപ്പുസാമിയുടെ ടീസ്റ്റാൾ/ഹോട്ടൽ വരെമാത്രം. തിരിച്ചുവരുമ്പോൾ ടാഗോർ ഗ്രന്ഥാലയത്തിൽ ഒന്നുകയറും. ചിലപ്പോൾ ഏതെങ്കിലും ബുക്ക്
വായിക്കാനെടുക്കും. അല്ലെങ്കിൽ അവിടെയുള്ള
മാഗസിനുകളിൽ ഒന്നു കണ്ണോടിക്കും. കൂടുതൽ
സമയം അവിടെ ചിലവഴിക്കാറില്ല. ചെറുപ്പക്കാരുടെ
നിയന്ത്രണത്തിലാണ് ഗ്രന്ഥാലയം.!
“മാഷെ, മാഷറിഞ്ഞില്ലെ ഇന്നലെ
വൈന്നാരത്തെ തമ്മിത്തല്ല്”
തെക്കെവീട്ടിലെ മൊയ്തു മുറ്റത്തുനിന്നും റോഡിലേക്ക്
വന്നുകൊണ്ട് പറഞ്ഞു.
“എന്ത് തമ്മിത്തല്ല്, ഞാനൊന്നും അറിഞ്ഞില്ല മൊയ്തു”.
“ഇന്നലെ മോൾക്ക് പന്യായിരുന്നു, അവളേം കൊണ്ട് ഡോകടരെ കാണിച്ച് മരുന്നും വാങ്ങി വന്നപ്പോഴേക്കും
സന്ധ്യാവാറായിരുന്നു, പിന്നെ പുറത്തേക്ക് പോയില്ല”
“ഇപ്പൊ ഗായത്രിക്കുട്ടിക്ക് കൊറവ്ണ്ടാ”
“ഉണ്ട്, കുറവുണ്ട്. എഴുന്നേറ്റു
കാപ്പി കുടിച്ചു, മരുന്നൊക്കെ
കഴിച്ചു. ഇപ്പോഴൊരു ഉഷാറൊക്കെ ഉണ്ട്.
തിങ്കളാഴ്ച മുതൽ പരീക്ഷ തുടങ്ങാണല്ലൊ. അതിന്റെകൂടി ഒരു ടെൻഷനിലാ മോള്.”
“അതിനു മാഷ്ടെ മോൾക്കെന്ന്വേവും സ്കൂളിലെ
ഫസ്റ്റ്. ന്റെ മോനെപ്പോലെ മണ്ടൂസൊന്നും അല്ലല്ലോ
ഗായത്രിക്കുട്ടി”
“ആര് തല്ലുകൂടീന്നാ മൊയ്തു പറഞ്ഞത്?”
വിഷയം മാറിപ്പോയതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.
“അമ്പലത്തില് വെളക്ക് കത്തിച്ചേന്
തണ്ടാത്തിക്കുട്ട്യോളെ തല്ലീന്നും പറഞ്ഞ് തണ്ടാച്ചെക്കന്മാരെല്ലാം കൂടി അമ്പലക്കമ്മറ്റിക്കാരെ
പൊതിരെ തല്ലീത്രെ. മാഷ്ടെ കാർന്നോരടെ
മക്കക്കും നല്ലോണം കിട്ടീത്രെ”.
“ഇന്ന് വെളുപ്പിനന്നെ പോലീസും സി.ആർ.പീം
ഒക്കെ എത്തീട്ട്ണ്ട്.” മൊയ്തു തുടർന്നു.
ഞാനും മൊയ്തുവും അപ്പുസാമിയുടെ ടീസ്റ്റാൾ
ലക്ഷ്യമാക്കി നടന്നു. അപ്പുസാമിയുടെ
കരിച്ച ചായ ഒരെണ്ണം കുടിക്കാത്തവർ ഗ്രാമത്തിലില്ല. മറ്റെല്ലാ ടീസ്റ്റാളുകാരും സമാവറിലേക്ക്
മാറിയപ്പോഴും അപ്പുസാമി ചായയുടെ രുചിതന്ത്രത്തിനു മാറ്റം വരുത്തിയില്ല.!
ജംഗ്ഷന്റെ അടുത്ത് അമ്പലപ്പറമ്പിനോട് ചേർന്ന്
തെക്കുഭാഗത്തുള്ള ഒറ്റനിലകെട്ടിടത്തിലാണ് അപ്പുസാമിയുടെ ടീസ്റ്റാൾ. ജംഗ്ഷനടുക്കാറായപ്പോഴേക്കും
അവിടവിടെയായി കൂടിനില്ക്കുന്ന തല്ലുകൊള്ളിസംഘങ്ങളെ കണ്ടു. ഒരു
പോലീസ്ജീപ്പും സി.ആർ.പിയുടെ നീല ഇടിവണ്ടിബസ്സും കിടപ്പുണ്ട്. ചട്ടിത്തൊപ്പി
ധരിച്ച കുറെ പോലീസുകാർ അമ്പലപ്പറമ്പിൽ ചിതറിനില്പുണ്ട്. റോഡ് മുറിച്ചുകടന്ന് ടീസ്റ്റാളിലെത്തി രണ്ട്
ചായക്ക് പറഞ്ഞ് ഞാനും മൊയ്തുവും ബഞ്ചിലിരുന്നു.
“ഉണ്ണിമാഷെ ഇന്നലെ ഈ വഴിക്കൊന്നും
കണ്ടില്ലല്ലോ.” അപ്പുസാമി ചായ ഡസ്കിൽ
വെച്ചുകൊണ്ട് അന്വേഷിച്ചു.
“മോൾക്ക് പനിയായതുകൊണ്ട് ഡോക്ടരെ
കണ്ടുവന്നപ്പോഴേക്ക് ഒത്തിരി വൈകി. പിന്നെ
ഇങ്ങോട്ട് ഇറങ്ങിയില്ല.”
“അല്ല, എന്തൊക്കെയാ ഇവിടെ ഉണ്ടായത് സാമീ.”
“അതൊന്നും പറയേണ്ടെന്റെ മാഷേ… മിനിഞ്ഞാന്ന് വൈന്നേരം (വെള്ളിയാഴ്ച)
തണ്ടാത്തിക്കുട്ട്യോള് വെളക്ക് തെളീക്കാൻ വന്നൂത്രെ. അവരു വെളക്കിലൊക്കെ എണ്ണ
ഒഴിക്കേം തിരിട്ട് കത്തിക്കേം ചെയ്തത്രെ. അത് കണ്ട് ഇമ്മടെ
കമ്മിറ്റിക്കാര് കുട്ട്യോൾക്ക് അങ്ങ്ട് എളകി. അവറ്റേനെ വേണ്ടാത്തത് പറയേം ഉന്തിത്തള്ളി
പൊറത്ത്ക്കാക്കേം ചെയ്തൂത്രെ”..
“ഇന്നലെ വൈന്നേരം അവറ്റ്യോള് പിന്നേം
വെളക്ക് തെളീക്കാൻ വന്നു. അവരടൊപ്പം വന്ന ചെക്കന്മാരായിട്ട് ഇമ്മടെ
ചെക്കന്മാര് അടിപിട്യായി. ആരും
ചത്തിട്ടില്ല്യാന്ന് കൂട്ടിക്കൊ. അവരു
രണ്ടുമൂന്നാൾക്കാരും ഇമ്മടെ രണ്ടാൾക്കാരും ആസ്പത്രീ അഡ്മിറ്റായിട്ട്ണ്ട്. രണ്ടു കൂട്ടരും രാത്രീല് തന്നെ കേസും കൊടുത്ത്.
അതിന്റൊരു പുകിലാ ഇക്കാണണതൊക്കെ. ഇത്പ്പൊ കേട്ടറിഞ്ഞ് ആളോൾടെ എണ്ണം കൂടിക്കൂടി
വരാണ്. ഞാനിതൊക്കെ എടുത്തുവെച്ചാലോന്ന് ആലോചിക്കേണ്
മാഷെ.”
“അതന്നെ നല്ലത് സാമീ.” ഞാൻ
പറഞ്ഞു…
അപ്പോഴാണ് ചട്ടിത്തൊപ്പിവെച്ച് ചുമലിൽ
ലാത്തിയുംതൂക്കി കൂളിംഗ് ഗ്ലാസ്സുംവെച്ച് ഒരു പോലീസുകാരൻ ചായക്കടയിലേക്ക്
കയറിവന്നത്. കല്ലയിൽ നിരത്തിവെച്ച ബീഡി, സിഗരറ്റ്, തീപ്പെട്ടി സാധനങ്ങളെ ചൂണ്ടിക്കാണിച്ച് “ഒരു
സിഗരറ്റ്” എന്നു പറഞ്ഞു. പിന്നെ തലയിൽനിന്നും ചട്ടിത്തൊപ്പിയെടുത്ത് കക്ഷത്തിൽ വെച്ചുകൊണ്ട്
പോക്കറ്റിൽനിന്നും ചില്ലറ തപ്പിയെടുക്കാനുള്ള ശ്രമത്തിന്നിടെയാണ് ഞാൻ അയാളെ
കൂടുതൽ ശ്രദ്ധിച്ചത്.
അയാളും എന്നെ ഉറ്റുനോക്കുന്നതുപോലെ എനിക്കു
തോന്നിയിരുന്നു. നല്ലതുപോലെ പരിചയമുള്ള
മുഖം. വലിയ കൂളിംഗ് ഗ്ലാസ്സാണ്
സംശയത്തിന് അവസരമുണ്ടാക്കുന്നത്. അയാൾക്കതൊന്ന്
മാറ്റിയാലെന്താ എന്ന് ഉള്ളിൽ പറഞ്ഞു.
അതെ,
അവൻ
തന്നെ.. ഹരിദാസൻ. പൊന്നമ്മചേച്ചീടെ
ഹരിദാസൻ. ഒന്നാംക്ലാസുമുതൽ
ഏഴാംക്ലാസ്സുവരെ ഒരേ ബെഞ്ചിലിരുന്ന് ഒന്നിച്ചുപഠിച്ചവരാണ് ഞങ്ങൾ. ഹൈസ്കൂളിലും ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. പക്ഷെ,
ഒരേ
ക്ലാസ്സിലായിരുന്നില്ല. ഞങ്ങളുടെ
ഡിവിഷനുകൾ വ്യത്യാസമുണ്ടായിരുന്നു. അഞ്ചുകിലോമീറ്റർ
അകലെയുള്ള ഹൈസ്ക്കൂളിലേക്കുള്ള പോക്കുവരവ് ഒരുമിച്ചായിരുന്നു.
“നിങ്ങൾ ഹരിദാസനല്ലെ,” പോലീസുകാരനോടുള്ള ബഹുമാനം
നിലനിർത്തിക്കൊണ്ടുതന്നെ ചോദിച്ചതും “നീ ഉണ്ണിയല്ലെ” എന്ന മറുചോദ്യവും ഒരുമിച്ചാണുണ്ടായത്.
സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ നിമിഷങ്ങളാണ്
പിന്നീടുണ്ടായത്. ബെഞ്ചിൽനിന്നെഴുന്നേറ്റ് ഓടിച്ചെന്ന് ദാസനെ കൈപിടിച്ച് കടക്കകത്തേക്ക് കയറ്റി
ബഞ്ചിലിരുത്തി. സാമീ, ഒരു സ്പെഷ്യൽ ഇങ്ങെടുത്തോ. നിമിഷങ്ങൾക്കകം സാമി ചായയുമായെത്തി. “സാമിക്ക് ഇയ്യാളെ ഓർമ്മേണ്ടോ..
ഇത് നമ്മടെ ഹരിദാസൻ”..
“ഹാ.. മനസ്സിലായി.. ഇങ്ങളു വല്യ
കൂട്ട്വാരായിരുന്നൂലോ.. ഇനിക്കറിയാന്നേ.. ഇങ്ങളെ കമ്പനി ഞാനെത്ര കണ്ടീര്ക്കണ്”... സാമി തുടർന്നു..
“അല്ലാ, ഇയ്യാള് ദൽഹീല് ജോലികിട്ടീട്ട് അമ്മേനേം കൊണ്ട് അങ്ങട്ട്
പോയതല്ലെ. ഇപ്പൊ പത്തിരുപത് കൊല്ലായിലേ.. എന്താപ്പോ പൊന്നമ്മചേച്ചീടെ വർത്താനം.”
“അമ്മ സുഖായിട്ടിരിക്കുന്നു”.. പോലീസുകാരന്റെ അളന്നുമുറിച്ചുള്ള സംസാരം.. അത് കേട്ടതും സാമി
പിൻവലിഞ്ഞു.
ദാസനും കുടുംബവും ഇപ്പോൾ എവിടെയാണ്
താമസിക്കുന്നത്, നിനക്കിപ്പോ എത്ര
മക്കളുണ്ട്, ഭാര്യക്ക്
ജോലിയുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ജിജ്ഞാസയോടെ ഞാൻ തൊടുത്തുവിട്ടു.
തൃശ്ശൂരിൽ കേരളവർമ്മ എ.ആർ.ക്യാമ്പിലെ 13/3 ക്വാർട്ടേഴ്സിലാണ് താമസം, ഭാര്യ കോളേജിൽ അദ്ധ്യാപിക. മക്കൾ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നു. എന്നെല്ലാം മനസ്സിലാക്കാനായി.
ചായ കുടിച്ചുകഴിഞ്ഞ് സിഗരറ്റിനു
തീകൊളുത്തിക്കൊണ്ട് പുറത്തേക്കിറങ്ങി മുറ്റത്തുനിന്നുകൊണ്ട് സംസാരം തുടർന്നു. അത് ദൂരെനിന്നുകണ്ട് മൊയ്തുവും അടുത്തേക്ക്
വന്നു. മൊയ്തുവിനെയും ഹരിദാസന്
ഓർമ്മയുണ്ട്. “മൊയ്തു അല്ലെ, നിനക്കറിയോ”..
അതുകേട്ടതും മൊയ്തു ത്രില്ലടിച്ചു..
“സാറിനെ അറിയാതിരിക്ക്വോ.. നിക്ക് നല്ല
ഓർമ്മേണ്ട്.. ഇങ്ങള് എം.എസ്.പീലാണെന്ന് കേട്ടീര്ക്കണ്.”
“എം.എസ്.പി. അല്ല, സി.ആർ.പി.എഫ്”.. ഞാൻ മൊയ്തുവിനെ തിരുത്തി.
ഞങ്ങൾ സംസാരിച്ചുകൊണ്ട് മെല്ല നടന്ന്
റോഡോരത്തെത്തിയപ്പോഴേക്കും അമ്പലപ്പറമ്പിൽ ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു. അവിടവിടെ ചിലരെല്ലാം ഒച്ചയിൽ
സംസാരിക്കുന്നുണ്ട്.
“നിന്നെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാലോന്ന് ആലോചിക്ക്യാണ്. അങ്ങനാണേൽ കുട്ടികൾക്കും ഭാര്യക്കുമൊക്കെ വല്യ
സന്തോഷാകും. നമ്മുടെ പണ്ടത്തെ കുസൃതികളൊക്കെ
ഇടക്കിടെ ഞാനവരോട് പറയാറുണ്ട്. നീയിപ്പോ
ഡ്യൂട്ടിയിലായതുകൊണ്ട് പ്രത്യേകിച്ചും ഈ സിറ്റ്വേഷനിൽ അത് പറ്റില്ലല്ലോ.”
“അത് സാരല്യ. നിങ്ങൾ ഇടക്കൊക്കെ തൃശൂർക്ക് വരുന്നോരല്ലെ. ഒരിക്കൽ
അങ്ങോട്ട്, ക്വാർട്ടേഴ്സിലേക്ക്
വാ. ഒരുദിവസം നമുക്കവിടെ കമ്പനികൂടാം”.
ദാസന്റെ സ്നേഹാർദ്രമായ ക്ഷണം. മനസ്സിൽ
തുളുമ്പിവന്ന സന്തോഷത്തിനു അതിരുകളില്ല. നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷവും ദാസന്റെ
സ്നേഹത്തിനും ആത്മാർത്ഥതക്കും അതേ പവൻമാറ്റ് തന്നെ.!
അപ്പോഴാണ് അതുണ്ടായത്. നേരത്തെ ഒച്ചയിൽ സംസാരം കേട്ടിരുന്നിടത്തേക്ക്
കൂടുതൽ ആളുകൾ ഓടിക്കൂടുന്നു. എന്തോ ചെറിയ
അടിപിടിയാണെന്ന് തോന്നുന്നു. അമ്പലപ്പറമ്പിനുള്ളിൽ
അവിടവിടെയായി നിന്നിരുന്ന പോലീസുകാരും അങ്ങോട്ടേക്ക് ഓടുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽനിന്നും
സർക്കിൾ ഇൻസ്പെക്ടർ പുറത്തേക്ക് ചാടിയിറങ്ങുന്നു. പ്ഷീ...പ്ഷീ... എന്ന് നീട്ടിയുള്ള
വിസിലും “ചാർജ്” എന്നൊരലർച്ചയും..
ഇതുകേട്ടതും അമ്പലപ്പറമ്പിലെ ബഹളക്കാരെ
പോലീസ് ലാത്തിവീശി ഓടിക്കാൻ തുടങ്ങി. അവിടെനിന്നും കുറെപേർ ഞങ്ങൾ നിൽക്കുന്നയിടത്തേക്ക് ഓടിവരുന്നു. പിന്തുടർന്ന് പോലീസുകാരും.
അപ്പോഴാണ് ഹരിദാസൻ ഉഷാറായത്. ഒരുസെക്കന്റിനുള്ളിൽ ചട്ടിത്തൊപ്പി തലയിൽവെച്ച് ലാത്തികയ്യിലെടുത്ത് ഒരുതല്ല്. അതെന്റെ കയ്യിലാണ് കൊണ്ടത്.
“ഇതെന്താ ദാസാ”. ചോദിച്ചുതീരുന്നതിനുമുമ്പേ അടുത്ത തല്ല്.
ഞാൻ പെട്ടെന്ന് പിന്തിരിഞ്ഞതുകൊണ്ട് തല്ല്
ചന്തിയിലും കാൽവണ്ണയിലുമായിട്ടാണ് കൊണ്ടത്. ഒപ്പം “ഓടെടാ” എന്നൊരു അലർച്ചയും. പിന്നെ അയാൾ റോഡിൽ നിന്നിരുന്നവരെയെല്ലാം
അടിച്ചോടിക്കാൻ തുടങ്ങി.
അടികൊണ്ട എനിക്ക് ശരീരം വിറക്കുന്നതുപോലെ
തോന്നി. ഓടാനായി കാലെടുത്തുവെച്ചതും
വേച്ച് വേച്ച് കാല് നിലത്തുറപ്പിക്കാനാവാതെ പുറകോട്ട് മലച്ചുവീണതും
ഒരുമിച്ചായിരുന്നു. വിറച്ചു വിറച്ചുള്ള
വീഴ്ചക്കിടയിൽ കാലിലെ ചെരിപ്പുകൾ തെറിച്ചുപോയിരുന്നു. ആളുകൾ നാലുപാടും ഓടുന്നു. വീണുകിടക്കുന്ന എന്നെ
ആരും നോക്കുന്നുപോലുമില്ല. ഇവരെ
പിന്തുടർന്നെത്തുന്ന ചട്ടിത്തൊപ്പിക്കാർ വീണുകിടക്കുന്ന എന്നെ വീണ്ടുംതല്ലിയാലോ?. എന്റെപേടി
അധികരിച്ചു. എങ്ങനെയെങ്കിലും എഴുന്നേറ്റ്
ഓടുകതന്നെ. രണ്ടുകാൽവണ്ണകളിലെയും മസിലുകൾ വലിഞ്ഞ് മുഴച്ചതിനാൽ
കടുത്തവേദന. കാൽ നിവർത്താനാവുന്നില്ല. മെല്ലെ ഉരുണ്ട് കമഴ്ന്ന് കൈകുത്തി എഴുന്നേറ്റു. കാല് നിലത്തുവെക്കാനാവുന്നില്ല. ഒരുവിധത്തിൽ വേദനസഹിച്ച് ഞാൻ തിരിഞ്ഞുനോക്കാതെ
വീട് ലക്ഷ്യമാക്കി വലിഞ്ഞുനടന്നു.
അപ്പോഴും അമ്പലപ്പറമ്പിൽ ലാത്തിയടിമേളം
തകൃതിയായി നടക്കുകയായിരുന്നു.!
==========
ടി. കെ. ഉണ്ണി
൨൨-൦൭-൨൦൧൩
വാൽക്കഷ്ണം:
പിറ്റേന്ന് രാവിലെ അമ്പലക്കമ്മറ്റിക്കാർ
വന്നു, ആസ്പത്രിയിൽ
അഡ്മിറ്റാക്കാൻ. ഞാനവരെ വിരട്ടി.
ഇടതുകൈയിലെ മൂന്നുവിരലുകൾക്ക് ഒടിവും ചതവുമുണ്ടായിരുന്നു. കുട്ടപ്പൻ വൈദ്യരുടെ
അലകു ചികിത്സകൊണ്ട് രണ്ടാഴ്ചക്കകം വിരലുകൾക്ക് സ്വാതന്ത്ര്യം തിരിച്ചുകിട്ടി. കാൽവണ്ണകളിൽ ധന്വന്തരം കുഴമ്പ് പുരട്ടിയുള്ള
ചൂടുവെപ്പ് ചികിത്സ ഭാര്യയുടെ വക നാലുദിവസം. സ്കൂളിൽ നിന്നും ഒരാഴ്ചത്തെ അവധിയും
തരപ്പെട്ടു.
മൊയ്തുവിനും പോലീസിന്റെ തല്ല് കിട്ടി. അവനെ
കമ്മറ്റിക്കാർ രണ്ടുദിവസം ആസ്പത്രിയിൽ കിടത്തി.
4 അഭിപ്രായങ്ങൾ:
നല്ല കഥ. ഇന്ന് ഇതൊക്കെത്തന്നെയാണ് നടക്കുന്നതും.
''വിസില്'' വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതില് വളരെ സന്തോഷം സര്. ആശംസകളോടെ...
സത്യം....
@ AMAL DEV
പ്രിയ സുഹൃത്തെ ...
എന്റെ ബ്ലോഗ് സന്ദര്ശിക്കുകയും കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തി
പ്രോത്സാഹിപ്പിക്കുകയും ചെയ്തതില് വളരെയധികം സന്തോഷവും നന്ദിയും
രേഖപ്പെടുത്തുന്നു. ആശംസകള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ