സ്വഭാവം തൃപ്തികരം
===============
സത്സ്വഭാവിയാവാനെന്തുചെയ്യണം വിഭോ.!
അപേക്ഷയതൊന്നെഴുതേണം
സർക്കാർ സാക്ഷ്യപ്പെടുത്തേണം.!
അതിനെന്തുണ്ട് മാർഗ്ഗമെന്നുര ചെയ്തീ
സങ്കടക്കടലീന്നു കരകേറ്റീടണം തമ്പുരാനേ.!
സർക്കാർ മുദ്രയാൽ സത്സ്വഭാവിയായീടും
ഞാൻ നാട്ടിലും മറുനാട്ടിലും മര്യാദരാമൻ പ്രഭോ.!
താലൂക്കേമാൻ തഹസീൽദാർ കനിയണം
കനിവിനായ് പരിവാരങ്ങളേവം കനിയണം
അവരുടെ കനിവിനായ് ശിങ്കിടികൾ കനിയണം
ഞാനവർക്കുമുമ്പിൽ കുനിയണം, കാണിക്ക
വെക്കണം, പ്രസാദിപ്പിക്കേണം,
അതാണു വഴി, നേർവഴി, നേരിന്റെ വഴിയും.!
ഈ നേരിന്റെ വഴിക്കുമുമ്പിലുണ്ട് കടമ്പകൾ
മുള്ളുവേലികൾ, താണ്ടാനനവധി..
ആദ്യമായാപ്പീസറെ, വില്ലേജാപ്പീസറെ കാണണം
സൌമ്യമായി കാര്യം പറയണം
പ്രതികരണമതെന്തായാലും
സുസ്മേരവദനനാം ഗ്രാമസേവകനെ കാണണം
അദ്ദേഹം സഹായിക്കും, നിർണ്ണയിക്കും
സ്വഭാവത്തിന്റെ രൂപരേഖകൾ.!
ചിലപ്പോൾ നിർദ്ദേശിക്കും
പകർത്തിത്തരും, ആവേശംവന്നാൽ.!
ആവേശം വരുത്തുകയാണ് പതിവ്..
പതിവുകൾ മുടക്കരുതല്ലോ?
അപേക്ഷകനെ നേരിൽ പരിചയമുണ്ട്
അച്ഛനായും മുത്തച്ഛനായും
ഉള്ളവരെല്ലാം ഈ ഗ്രാമത്തിലെ
രേഖപ്പെടുത്തിയിട്ടുള്ള അംശം ദേശത്തിലെ
സ്ഥിരവാസികളും കരമടക്കുന്നവരുമാണ്.!
അന്വേഷണത്തിലും അറിവിലും പെട്ടിടത്തോളം
പശുവിനെപ്പോലെ പരിശുദ്ധനാണ്.!
രത്നം പതിച്ച പത്തരപ്പവൻ മാറ്റ് തങ്കമാണ്.!
വളരെ നല്ല സ്വഭാവമാണ്.!
അഞ്ചുരൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിക്കണം
വില്ലേജാപ്പീസറുടെ സമക്ഷത്തിങ്കൽ
സമർപ്പിച്ചു കാത്തിരിക്കണം.
ഊഴമനുസരിച്ച് വിളിക്കും
ആപ്പീസറുടെ അഭിമുഖം, സാക്ഷ്യപ്പെടുത്തൽ
അപേക്ഷയുടെ മറുപുറത്ത് കുറിപ്പെഴുതി
ഒപ്പും മുദ്രയും ചാർത്തിയുള്ള കൈനീട്ട്.
ഭവ്യതയോടെ ഏറ്റുവാങ്ങുമ്പോൾ
ആപ്പീസറുടെ തിരുവായ്മൊഴി
ഇത് തഹസീൽദാർക്കുള്ള ശുപാർശക്കത്ത്
എല്ലാം എഴുതിയിട്ടുണ്ട്
താലൂക്കാഫീസിൽ പോവുക
അവിടെന്ന് കിട്ടും സത്സ്വഭാവ മുദ്ര.!
===========
ടി.കെ. ഉണ്ണി
18-04-2016
===========
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ