വെളിപാട്
=======
വെള്ളം, അതെനിക്കേറെ ഇഷ്ടമാണ്
അതിന്നു ഞാൻ കാരണങ്ങൾ
നിരത്തുന്നില്ല,
അതെല്ലാം നിങ്ങൾക്കും
അറിയുന്നതാണല്ലോ.!
പക്ഷെ, വെള്ളത്തിൽ മുക്കിത്താഴ്ത്തുന്നത്
ഇഷ്ടമാവുന്നത് ഞാനല്ലാതെ
മറ്റാരാണ് ഈലോകത്തുള്ളത്.!
ഞാനാരാണെന്നു മനസ്സിലായതുപോലെയാണ്
സുഹൃത്തിന്റെ കള്ളച്ചിരി.!
എന്നെ പരിപാലിക്കുന്നവരുടെ
കാര്യമാണ്
കഷ്ടവും എന്നെ
നോവിപ്പിക്കുന്നതും.!
അവർക്കുണ്ടാവുന്ന പെടാപാടുകളെ
മനസ്സിലാക്കിക്കൊണ്ടാണോ
മേലധികാരികളുടെ
ധാർഷ്ട്യകല്പനകൾ.!
പണ്ട് എന്റെ പൂർവ്വജന്മത്തിലെ ഏതാനും
ചിലരെ
വെള്ളത്തിലിട്ട് വാലിനു തീപിടിപ്പിച്ചു..
പൊള്ളലേറ്റവർ പരിഭ്രാന്തരായി മരണവെപ്രാളപ്പെട്ടത്
കണ്ടുരസിച്ചിരുന്നവർ തമ്പുരാക്കൾ..
അവരുടെ പിന്മുറക്കാർക്ക് പാരമ്പര്യമായിക്കിട്ടിയ
ഊർജ്ജാധിക്യത്താലാവാം എന്നെപ്പോലുള്ളവരെ
ഇപ്പോഴും വെള്ളത്തിലാഴ്ത്തുന്നതും
മരണവെപ്രാളത്തിന്നായുള്ള ഈ കാത്തിരിപ്പും.!
ഉന്മത്തനായ എന്റെ സൃഷ്ടികർത്താവിന്റെ
മോഹഭംഗങ്ങൾക്ക് ഇരകളായവരനവധി..
വൃത്തഭംഗം വന്ന രാസകല്പനകളാൽ
ജന്മമെടുത്തതിന്റെ വൈകല്യങ്ങളനവധി..
എരിഞ്ഞമർന്ന ചാരത്തിലെ കനല്ക്കട്ടപോലെ
കറുത്തിരുണ്ടമാനത്തെ മിന്നല്പിണരുപോലെ
പാടിപ്പുകഴ്ത്താൻ ഇനിയുണ്ടോ വാക്കുകൾ
വാഴ്ത്താനും വീഴ്ത്താനും രാക്ഷസകൗശലം.!
കരക്കുകയറ്റിയാൽ, തുറന്നുവിട്ട ഭൂതംപോലെ
അടിമയാവില്ലെന്ന തിരിച്ചറിവുണ്ടായിട്ടും
തമ്പുരാക്കൾ ഭയചകിതരാവില്ലെന്നുമാത്രമല്ല
പുതിയ ഇരകളെ കണ്ടെത്തി, അവർക്ക്
കണ്ഠമാല ചാർത്തിക്കൊടുക്കാനും ഉത്സുകരാവും.!
അന്തകവിത്തിറക്കിയ വയലേലകളിലും
പാഷാണം വിതറിയ സ്വർണ്ണഖനികളിലും
ചുടുചോരയൊഴുകുന്ന രാജവീഥികളിലും
തേരോട്ടമത്സരം നടത്തുന്നവരെല്ലാം
ഒരുനാൾ തിരിച്ചറിയും, അകത്തളത്തിലെ
മേച്ചിൽപുറങ്ങളിൽ അഭയാർത്ഥികളായവരെ,
പൈശാചികതയുടെ ബലിയാടുകളായ
അനാഥബാല്യങ്ങളെ, ദാരിദ്ര്യങ്ങളെ..
രുചിയേറിയ വിഭവങ്ങളായി
അങ്ങാടിയിൽ വില്ക്കപ്പെടുന്നവരെ,
മാനാഭിമാനങ്ങൾ അന്യം നിന്നവരെ,
മരണം മടിച്ചുനില്ക്കുന്ന അന്ത്യനിമിഷങ്ങളെ.!
നനച്ചുവിടുന്നവർക്കറിയില്ലല്ലോ മുങ്ങിക്കുളിയുടെ
സുഖം
നരഹത്യതൻ മൊത്തവ്യാപാരികൾക്കല്ലോ വീരശൃംഖല.!
എപ്പോഴെങ്കിലും എന്റെ ജനകീയതയും പ്രകൃതവും
അവർക്ക് വെളിപാടും ദുരിതവും ആകുമെന്നുറപ്പ്..!
===========
ടി.കെ. ഉണ്ണി
൨൬-൦൨-൨൦൧൫
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ