വിഷുഫലം
========
വിഡ്ഡിപ്പെട്ടിയിൽ
വിഷു ആഘോഷമുണ്ട്
വിഷുക്കണിയും സദ്യയുമുണ്ട്
കണികാണാൻ കാഴ്ചയായി
അഭിനവ കൃഷ്ണന്മാരും
രാധമാരും തോഴികളുമുണ്ട്.
ചില്ലുകൂട്ടിൽ പച്ചപ്പുള്ള പ്രകൃതിയുണ്ട്
നിരത്തിവെച്ച പതക്കങ്ങളുണ്ട്
ഉറക്കമെണീറ്റ് കണ്ണടച്ചു വരൂ
വിഡ്ഡിപ്പെട്ടി തുറക്കൂ
വിഷുക്കണി കണ്ടുണരൂ
ഞങ്ങൾ ജനസേവകരാണ്.!
…..
നിങ്ങൾ മുറ്റത്തിറങ്ങരുത്
മണ്ണിൽ ചവിട്ടരുത്
മാനത്ത് നോക്കരുത്
മണം പിടിക്കരുത്
പടക്കം പൊട്ടിക്കരുത്
ആനയെ കാണരുത്
ചെണ്ട കൊട്ടരുത്
പീപ്പി വിളിക്കരുത്
ശബ്ദം ശല്യമാണ്
അക്ഷരം ഉച്ചത്തിലാവരുത്
കക്ഷം വിയർക്കരുത്.!
……
വരൂ അകത്തേക്ക്
വിഡ്ഡിപ്പെട്ടി നിങ്ങൾക്കായി
അതെല്ലാം ഒരുക്കിയിട്ടുണ്ട്
നിങ്ങളുടെ ദൈവങ്ങൾ
നിങ്ങളുടെ വിശ്വാസങ്ങൾ
നിങ്ങളുടെ ആചാരങ്ങൾ
നിങ്ങളുടെ ആഹാരവും ജീവിതവും
അതെന്തെന്ന് തയ്യാറാക്കിയിട്ടുണ്ട്
രാപ്പകൽ ഞങ്ങളോടൊപ്പം ചെലവഴിക്കൂ
ഉത്സവങ്ങളും ആഘോഷങ്ങളും
പരിസ്ഥിതി സന്തുലിതമായി
ഞങ്ങൾ പെട്ടിയിലാക്കിയിട്ടുണ്ട്
ശീതോഷ്ണനിയന്ത്രിത മുറികളിൽ
ഞങ്ങളുടെ സെറ്റപ്പ് ബോക്സുകളിൽ
നിറച്ച വൈവിദ്ധ്യമാർന്ന സേവനങ്ങൾ
ആപ്പുകളായി സുലഭം.!
ആവശ്യാനുസരണം തുറക്കൂ
ആസ്വദിക്കൂ, ജീവിതം
ആഹ്ലാദപുളകിതമാക്കൂ.!!
ഞങ്ങളില്ലെങ്കിൽ നിങ്ങൾക്കെന്ത്
ഉത്സവങ്ങൾ, ആഘോഷങ്ങൾ.!
==========
ടി.കെ.ഉണ്ണി
14-04-2016
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ