ശനിയാഴ്‌ച, ജൂലൈ 15, 2017

സ്നേഹം

സ്നേഹം
========
സ്നേഹമാണഖിലസാരമൂഴിയിലെന്നോതിയ
മഹാകവേ, അങ്ങേക്കൊരായിരം വന്ദനം.
സ്നേഹമതൊന്നീ പ്രകൃതിയിലില്ലെന്നാകിൽ
നിശ്ചയം ശൂന്യം നിർജ്ജീവമീലോകം.!

നിഴലും വെളിച്ചവും വായുവും വിത്തവും
സൂര്യനും ചന്ദ്രനും താരാപഥങ്ങളും
തപ്തമാമുള്ളവും ശൂന്യമാമുണ്മയും
സ്നേഹാതിരേകത്തിൻ കാരുണ്യമല്ലോ.!

സ്നേഹമായൊഴുകുന്ന തെളിനീർച്ചോലയാൽ
കുളിരാർന്നു വസിക്കുന്നു കൃപയാൽ ധരിത്രിയും.!
സ്നേഹാർദ്രകുളിരുമായ് പായും മുകിലുകൾ
കാരുണ്യമേകുന്നു ഔദാര്യവർഷമായ്.!

പനിനീർപൂവിന്റെ സൗരഭ്യമായ് സ്നേഹം
ചാരുവാം ദലങ്ങൾ തൻ മൃദുലതയാവുന്നു.
ഗുരുവായ് മരുവുന്ന സ്നേഹത്തികവിന്റെ
വിത്തമായ് തീരുന്നു വിദ്യയും ജ്ഞാനവും.!

ഊഷ്മള സ്നേഹത്തിൻ സൗന്ദര്യമല്ലോ
ശ്രേഷ്ഠവും നിഷ്ടയും ആഭിജാത്യങ്ങളും.!
ആലോലം, താലോലം, വാത്സല്യമാകുന്ന
സ്നേഹത്തിന്നാർദ്രമാം ഭാവലോകം

ബന്ധവും ബന്ധനഘണ്ഡവും ദണ്ഡവും
സ്നേഹമാം ഭാവത്തിന്നന്യമല്ല.!
മാതാപിതാക്കളും ഗുരുവും ദൈവങ്ങളും
സ്നേഹമല്ലാതെ മറ്റൊന്നുമല്ല.!

കാരുണ്യഹർഷമായ് വർഷംപൊഴിപ്പതും
ലോകൈകനാഥന്റെ സ്നേഹമത്രേ..
പരിമാണമറ്റുള്ള സ്നേഹപ്രപഞ്ചത്തെ
നാഴിയാലളക്കാതിരക്കവേണം.!
===========
ടി.കെ. ഉണ്ണി
൨൬-൦൫-൨൦൧൫ 
===========

അഭിപ്രായങ്ങളൊന്നുമില്ല: