ചൊവ്വാഴ്ച, ജൂൺ 27, 2017

സങ്കീര്‍ണ്ണം

സങ്കീർണ്ണം
========
മനുഷ്യർക്കുള്ളത്ര ക്രൂരത
മറ്റു ജന്തുവർഗ്ഗങ്ങൾക്ക്
ഒന്നിനുമില്ല..!

അനാദികാലത്ത് മനുഷ്യർക്ക്
മനുഷ്യമാംസം ആഹാരമായിരുന്നു.!
കൊന്നുതിന്നുന്നത്
ജീവിതോപാധിയായിരുന്നു.!
അന്നും പില്ക്കാലത്തും
മനുഷ്യർ അക്കാര്യം
ന്യായീകരിച്ചു.!
കൊന്നാൽ തിന്നണമെന്ന
ധാരണ ഉരുത്തിരിഞ്ഞു.!

അന്നും സുഭിക്ഷമായിരുന്ന
വിസർജ്ജ്യങ്ങളൊന്നുംതന്നെ
അനാഥമായിരുന്നില്ല.!
അനവധി സൂക്ഷ്മാവസ്ഥയിലൂടെ
അവ മനുഷ്യർക്ക് ആഹാരമായി.!
പക്ഷെ, പരിഷ്ക്കരണവാദികളുടെ
ചിന്തകൾ കാടുകയറി.!
അവർ സ്വഗോത്രത്തെ
ആഹരിക്കുന്നതിൽ നിന്നും പിന്മാറി.!
അന്ന് ഡാർവിനും മോറിസും
ജനിക്കാതിരുന്നതുകൊണ്ട്
അവർക്ക് മറ്റൊന്നും
തീരുമാനിക്കാനായില്ല.!
മനുഷ്യരല്ലാത്ത ജന്തുവർഗ്ഗത്തെയും
സസ്യജാലത്തെയും
അവർ വേട്ടയാടി..!

നമ്മളിപ്പോഴും അവിടെത്തന്നെയാണ്‌.!
വീൺവാക്കുകളെ വാറോലകളാക്കി
മസ്തിഷ്ക്കത്തിൽ ചാപ്പകുത്തി
വേട്ടയാടൽ തുടർന്നു.!
ഇന്നിപ്പോൾ, നമ്മിലെ ചിലർ
വേട്ടമൃഗത്തോടൊപ്പം
പിന്തിരിഞ്ഞുനോക്കുന്നു.!
പുതിയ ഇരകളെ കണ്ടെത്തുന്നു.!
  
കൂട്ടംതെറ്റി മേയുന്ന
വിശുദ്ധ പശുക്കളോടൊപ്പം
അശരണരായ മനുഷ്യരുടെ,
ഇരകളുടെ കൂട്ടത്തെ.!

പൂർവ്വികന്റെ കോമ്പല്ലുകൾ
യന്ത്രത്തോക്കുകളാക്കി
കൈവശപ്പെടുത്തി
ഇരകളെ മാനഭംഗപ്പെടുത്തി
കടിച്ചുകീറുന്നു,
ആഹരിച്ചാർമ്മാദിച്ചു
കുഴിച്ചുമൂടുന്നു.!

പുതിയൊരു സംസ്കാരത്തിന്റെ
സംസ്ഥാപനം.!
സമത്വമാർന്ന ദൈവലോകത്തിന്റെ
സ്വപ്നായന സാർത്ഥകം.!

അല്ല......
ആദിമ മനുഷ്യന്റെ
സംസ്കാരത്തിലേക്ക്
ഇഹപരലോകത്തിന്റെ
സമന്വയത്തിലേക്ക്,
ഗോപുരവാതിൽ തുറക്കുന്നത്
ശ്ലാഘനീയമല്ലെന്നോ..??

ഒരു മനുഷ്യനാവുകയെന്നത്
അത്ര സങ്കീർണ്ണമോ..??

============
ടി.കെ. ഉണ്ണി

൨൪-൧൨-൨൦൧൪ 

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

ഒരു മനുഷ്യനാവുകയെന്നത്
അത്ര സങ്കീർണ്ണമോ..??
മനുഷ്യന്‍?!!
നല്ല വരികള്‍
ആശംസകള്‍ ഉണ്ണിസാര്‍