ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

മെഴുകുതിരി

 മെഴുകുതിരി
=========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ
  
മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും
രാജ്യം ഒന്നാമതാവാൻ നമുക്കാവുന്നുണ്ട്
അതിനുള്ള കുതിപ്പിലും കിതപ്പിലുമാണിപ്പോൾ

എവിടെയാണ്‌ ഇരുട്ടിനെ വെട്ടമാക്കിയ
അഭിമാനത്തിന്റെ തേജസ്സായ മെഴുകുതിരികൾ
ഒട്ടകപ്പക്ഷികളെപ്പോലെ തല മണ്ണിലാഴ്ത്തി
മറ്റെല്ലാം വെളിയിലാക്കി ഒളിച്ചിരിക്കുന്നുവോ..

വിഭ്രാന്തിയുടെ ആസക്തിയാമങ്ങളിൽ
ശീൽക്കാരമാകുന്ന ഉണർച്ചകളാൽ
ഉഴുതുമറിക്കപ്പെടുന്ന പെണ്ണടയാളങ്ങളെ
അന്യമാക്കുന്നുണ്ട് മെഴുകുതിരികൾ.

അന്വർത്ഥമാണവരുടെ സ്വാർത്ഥതകൾ
അവർക്കുണ്ടു നിറച്ചാർത്തുകളനേകം
സവർണ്ണ വരേണ്യതയാണതിന്റെ മേന്മ
മെഴുകുതിരികൾക്കുമുണ്ടൊരു പക്ഷം.!

മറശ്ശീലയാവുന്നുണ്ടതിന്റെ തിരശ്ചീനത
ഉള്ളിൽ ശ്വാസമറ്റണയുന്നുണ്ട് നാളങ്ങൾ
വിണ്ടുകീറിയ ഹൃത്തടത്തിൽ ഉറവയറ്റ
നീർച്ചാലുകൾ പോലെ തരിശാവുന്നുണ്ട്.

ജീവാങ്കുരമറ്റ വിത്തിറക്കി വിളവെടുക്കുന്ന
കന്യാവനങ്ങളിൽ, പൈതൃകത്താരകളിൽ
ആർജ്ജവത്തിന്റെ മെഴുകുതിരിപ്പാടങ്ങളിൽ
കൃഷിയിറക്കുന്നില്ല, വറുതിയാണവിടെ.!
അറുതിയില്ലാത്ത വറുതിമാത്രം..!!
============
ടി.കെ.ഉണ്ണി
൧൨-൦൭-൨൦൧൪

============

6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ആശംസകൾ!!
കവിത നന്നായി

വിനുവേട്ടന്‍ പറഞ്ഞു...

ശക്തമായ പ്രതിഷേധമാണല്ലോ ഉണ്ണീ... :)

ടി. കെ. ഉണ്ണി പറഞ്ഞു...

അജിത്തേട്ടാ..
വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി..
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

വിനുവേട്ടാ..
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
ആശംസകള്‍

Cv Thankappan പറഞ്ഞു...

നല്ല കവിത
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. തങ്കപ്പന്‍ സര്‍..
കവിത വായിച്ചു പ്രോത്സാഹിപ്പിച്ചതിന് വളരെ സന്തോഷം, നന്ദി..
ആശംസകള്‍