ചൊവ്വാഴ്ച, ജൂൺ 10, 2014

നീതി

നീതി
====
നീതി അതെന്റെ പേര്
അച്ഛനമ്മമാർ എനിക്കിട്ട ഓമനപ്പേര്
ഞാന്‍ കുരുടിയാണെന്ന്
എല്ലാരും പറയുന്നു.
പക്ഷെ, എനിക്ക് കാണാമെന്നത്
അവര്‍ക്കറിയില്ലല്ലോ!
കുരുടിക്കണ്ണുള്ള എന്റെ മുഖഭംഗി
അസൂയാവഹമാണത്രേ.!  
അത് നഷ്ടപ്പെടാതിരിക്കാനാണത്രേ
കറുത്ത കണ്ണടകളില്ലാത്ത കാലത്ത് 
കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടി
എന്നെ സുന്ദരിയാക്കിയത് !

കുട്ടിക്കാലത്ത് എല്ലാ മക്കളെയും പോലെ
മണ്ണുവാരി കളിക്കാന്‍ അനുവദിക്കാതെ
അവരെന്റെ കയ്യിലൊരു തുലാസ് തന്നു
അന്ന് തുടങ്ങിയതാണെന്റെ സങ്കടം !
കണ്ണുകളും കൈകളും തടവിലായപ്പോൾ
വിശപ്പും ദാഹവും ഒത്തിരി വര്‍ദ്ധിച്ചു
അച്ഛനമ്മമാർ, ബന്ധുക്കൾ, കൂട്ടുകാർ 
നാട്ടുകാർ എല്ലാവരും അത് തിരിച്ചറിഞ്ഞു
അവർ മത്സരിച്ചു, എന്നെ ഊട്ടിവളര്‍ത്തി
തിന്നാനല്ലാതെ വായകൊണ്ട് മറ്റൊന്നും വയ്യെന്നായി
ഇന്നിപ്പോൾ വായ തുറക്കുന്നത് വിശപ്പകറ്റാൻ മാത്രം.

വിശപ്പ്‌, അത് ചില്ലറക്കാര്യമല്ല !
എല്ലാത്തരം വിശപ്പുകളും അടക്കപ്പെടണം!

കിട്ടിയതൊക്കെ വാരിത്തിന്നു,
പനപോലെ ഞാൻ വളര്‍ന്നു  
മേനിയിൽ കൊഴുപ്പും മെഴുപ്പും തെഴുത്തു
അതുകണ്ട് മാലോകരിൽ കൌതുകമേറി
അവരെന്നെ പതിവില്ലാത്ത വിധം
ഓമനിക്കാന്‍ തുടങ്ങി....
രക്ഷിതാക്കളും ബന്ധുജനങ്ങളും 
അരുതാത്തിടത്ത് തൊട്ടുതലോടി
ഓമനിച്ചു മാനംഭംഗപ്പെടുത്തി...
കൂട്ടുകാർ മാറിൽ പിടിച്ചുരസിച്ച്
ചുണ്ടുറുഞ്ചിക്കുടിച്ചു ക്ഷതമേല്‍പ്പിച്ചു  
കളിച്ചു കാമുകരായി...
നാട്ടുകാർ പൃഷ്ഠത്തിൽ ഞെക്കിത്തലോടി
പീഡിപ്പിച്ചു സായൂജ്യമടഞ്ഞു ...
രാഷ്ട്രീയക്കാർ കാണുന്നിടത്തുവെച്ച്
വസ്ത്രാക്ഷേപം ചെയ്തു
പുലഭ്യം പറഞ്ഞു..
ഏമാന്മാർ ചതിയിൽ പെടുത്തി
ബലാല്‍സംഗം ചെയ്തു കടിച്ചുകീറി
വഴിയിൽ തള്ളി ...
എന്നിട്ടും ഈ മാലോകപ്പരിഷകള്‍ക്ക്
ഞാനിപ്പോഴും നീതി ദേവതയാണത്രെ!

എനിക്കുമുണ്ടൊരു ആത്മഗതം:
വിളിച്ചുകൂവാന്‍ നാക്ക് പൊങ്ങാത്ത വിധം
എന്റെ വായിലേക്ക് അപ്പക്കഷ്ണങ്ങൾ
തിരുകിക്കയറ്റുന്നവരോട് എനിക്ക്
നന്ദി കാണിക്കാതിരിക്കാനാവുമോ !!
===========

ടി. കെ. ഉണ്ണി
൧൦-൦൬-൨൦൧൪

8 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...

കണ്ണും കെട്ടി പോരാഞ്ഞ്‌ പ്രതിമയാക്കിക്കളഞ്ഞു !! വെറും പ്രതിമ..!!!

വളരെ മനോഹരമായി, ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു.


ശുഭാശംസകൾ .........

ajith പറഞ്ഞു...

നീതിയെ കാണാനില്ല
നീതിയ്ക്ക് കണ്ണുമില്ല

Cv Thankappan പറഞ്ഞു...

മുഖംനോക്കാതെ നീതി നടപ്പിലാക്കണം...
നന്നായി രചന
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സൌഗന്ധികം സര്‍ ...
നീതി വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അജിത്‌ സര്‍ ..
നീതി - വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..

അതെ, നീതിയെ എവിടെയും കാണാനില്ല, നീതിക്കിപ്പോള്‍ കണ്ണുമില്ല...

താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. തങ്കപ്പന്‍ സര്‍ ...
നീതി - വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..

അതെ, മുഖം നോക്കാതെ നീതി നടപ്പിലായിരുന്നെങ്കില്‍ ...
അങ്ങനെ ആശിക്കാനെ നമുക്ക്‌ വിധിയുള്ളൂ..

താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

Manoj vengola പറഞ്ഞു...

നീതി...നീതി...
അത് എവിടെയാണ്..?
വരികള്‍ നന്ന്..
ആശംസകള്‍...

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. മനോജ്‌ വെങ്ങോല...
ബ്ലോഗ്‌ വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകളോടെ..