തിങ്കളാഴ്‌ച, ഏപ്രിൽ 07, 2014

മഹിത

മഹിത
=====
മഹിത തന്നഞ്ചാം പിറന്നാളല്ലൊ
മതിമറന്നാഹ്ലാദിച്ചുല്ലസിച്ചവൾ
മകളെ മറന്നവർ  അടിച്ചുപൊളിച്ചു രസിച്ചേൻ
മാതാപിതാ ബന്ധുമിത്രാദി സംഘങ്ങൾ
മരണത്തിൻ പാതാളക്കുഴിയിലാഴ്ത്തിയവർ
മാനം നോക്കി വിരലുണ്ടു നിന്നവർ
മാലോകരാകെ ദുഃഖാർത്തരായപ്പോൾ
മാവിലായിക്കാരെത്തി കൊടുങ്കാറ്റുപോലെ
മണ്ണുമാന്തിയുണ്ടാക്കും മറ്റൊരു പാതാളം
മരിക്കില്ല, പുറത്തെടുക്കും, സ്വർഗ്ഗത്തിലാക്കും.!
മാനവമന്ത്രാലയമക്കൾ, അവരൊരു കൗരവപ്പട
മാനമില്ലാതായതെങ്ങിനെ, പാതാളത്തിലെത്താൻ
മണിക്കൂറുകളനവധി, ദിന രാത്രങ്ങളും..!
മന്നവവേന്ദ്രന്മാരെ, നിങ്ങളൂട്ടിയോ മകളെ
മഹിതയെ, താരാട്ടിയോ പൊന്നുതമ്പുരാട്ടിയെ
മറന്നുവോ മണിമുത്താം കിളിക്കൊഞ്ചലുകൾ
മിന്നിത്തിളങ്ങുമാ പൊന്നൊളി പൊന്മുഖവും
മരണക്കെണിയൊരുക്കി കാത്തിരുന്നവർ
മരിച്ചിട്ടും മരിപ്പിക്കാൻ വീണ്ടും പാതാളമാം
മരണക്കുഴിയൊരുക്കിയ സംരക്ഷകർ,
മൗനികളാം മന്നവർ കൂട്ടം കൂടിയെത്തി കാഴ്ചക്കായ്
മതിമറന്നാർത്തലച്ചെത്തി മാധ്യമ വാനരപ്പടകളും
മണ്ണിനെ, വിണ്ണിനെ, പ്രകൃതിയാമമ്മയെ
മാനഭംഗപ്പെടുത്തിയ മാനമില്ലാത്തവർ നമ്മളും
മതിമറന്നല്ലോ ആഘോഷിപ്പതീ ആധുനികോത്സവം.!
മക്കൾക്ക്, നിഷ്കളങ്ക ജന്മങ്ങൾക്ക് മോചനമേകാൻ
മരണക്കെണിയൊരുക്കി കാവലിരിക്കുന്ന
മൃത്യുവിന്റെ പൈശാചിക ജന്മങ്ങൾ.!
=========
ടി.കെ. ഉണ്ണി
25-06-2012
=========
വാല്‍ക്കഷ്ണം : എഴുപത്തിരണ്ടടി കുഴിക്കാൻ നമ്മുടെ കൗരവപ്പടക്ക് എമ്പത്തിനാലു മണിക്കൂർ, പാതാളനിർമ്മിതിയുടെ ആധുനിക സാങ്കേതികവിദ്യയും ഉണ്ടായിട്ടും മഹിതയെന്ന പിഞ്ചോമനയുടെ ജഡംപുറത്തെടുക്കുന്നതിൽ വിജയിച്ച രാജ്യരക്ഷാവിഭാഗത്തിന്‌ അ (ഭി / പ) മാനിക്കാവുന്ന നേട്ടമാണുണ്ടായിരിക്കുന്നത്..  അവരെ പതക്കങ്ങളും വീരശൃംഖലകളും നല്കി സ്വീകരിക്കാം..!!
(ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.)

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍. ആരും ശിക്ഷിയ്ക്കപ്പെടുന്നതുമില്ല

Cv Thankappan പറഞ്ഞു...

ഹൃദയസ്പര്‍ശിയായ രചന.
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. അജിത്‌ സര്‍ ...
വായനക്കും അഭിപ്രായത്തിനും നന്ദി..
അതെ, ഇതെല്ലാം തീര്‍ത്തും മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ തന്നെ.. കുറ്റവാളികള്‍ രക്ഷപ്പെടുക പതിവാണല്ലോ.!
...
ഈ പ്രോത്സാഹനത്തിനു വീണ്ടും നന്ദി..
ആശംസകളോടെ

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. തങ്കപ്പന്‍ സര്‍ ...
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

സൗഗന്ധികം പറഞ്ഞു...

ആനക്കൊപ്പം ചങ്ങലയും,തോട്ടിയും കൂടി വാങ്ങാൻ മറന്നാൽ...


വളരെ നല്ല കവിത


ശുഭാശംസകൾ......